റോയൽ ട്രാവൻകൂർ നിക്ഷേപ തട്ടിപ്പ്:കുമ്പളയിലും കൂടുതൽ പേർക്ക് പണം നഷ്ടമായി; അന്വേഷണമാരംഭിച്ച് പൊലീസ്
കാസർകോട്:പാവങ്ങളെ പ്രലോഭിപ്പിച്ചു കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ കുമ്പള പൊലീസ് അന്വേഷണമാരംഭിച്ചു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കുമ്പള ശാഖയിലെ ജീവനക്കാരികളായ അഞ്ചു യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കമ്പനിക്കു നിക്ഷേപം ഉണ്ടാക്കിക്കൊടുത്ത തങ്ങളെയും കമ്പനി ശമ്പളം പോലും നൽകാതെ പറ്റിച്ചുവെന്നു പരാതിക്കാർ പൊലീസിനെ അറിയിച്ചു. നിക്ഷേപകരിൽ നിന്നു കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തി അപ്പപ്പോൾത്തന്നെ കമ്പനി ഉടമകൾക്കു കൈമാറിയിരുന്നുവെന്ന് ഇവർ പൊലീസിനെ അറിയിച്ചു. എന്നാൽ എന്ത് ഉറപ്പിന്റെയും വ്യവസ്ഥയുടെയും അടിസ്ഥാനത്തിലാണ് പ്രലോഭനങ്ങൾ നൽകി നിക്ഷേപം സ്വീകരിച്ചത് എന്നതിന് കൃത്യമായ മറുപടി നൽകാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല.
മംഗലാപുരം, തൊക്കോട്ട്, ബദിയഡുക്ക, കുമ്പള, ഉപ്പള, പെർള, കാസർകോട്, ഉദുമ എന്നിവിടങ്ങളിലും സംസ്ഥാനത്തെ മറ്റു വിവിധ സ്ഥലങ്ങളിലും കമ്പനിക്കു നിക്ഷേപസമാഹരണ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നു ജീവനക്കാർ പറഞ്ഞു. ഇതിൽ മിക്കതും അടച്ചിരിക്കുകയാണ്. ജീവനക്കാരികളെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞെത്തിയ ഇരുപതോളം വനിതാ നിക്ഷേപകരോടു പരാതി എഴുതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. കമ്പനി ഉടമകൾ അടുത്ത ദിവസം സ്റ്റേഷനിൽ എത്താമെന്ന ഉറപ്പു നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.