തളങ്കരയിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ഭാര്യ പിണങ്ങി പോയതിനു പിന്നാലെ ഭർത്താവിനെ കിണറ്റിൽ
ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി കാശിയുടെ മകൻ ഭൂമിനാഥൻ (27) ആണ് മരിച്ചത്. തളങ്കരയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കൂലിപ്പണിക്കാരനാണ്. ഏതാനു ദിവസം മുനപ് വഴക്കായതിനെ തുടർന്ന് ഭാര്യ പിണങ്ങുകയും നാട്ടിലേയ്ക്കു പോവുകയും ചെയ്തിരുന്നു. വാടകവീട്ടിൽ തനിച്ചായിരുന്ന ഭൂമിനാഥനും സുഹൃത്തും ഒരുമിച്ച് മദ്യപിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതായി പറയുന്നു. ഇതിനിടെ പിണങ്ങിപ്പോയ ഭാര്യ കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് ഭർത്താവിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. തുടർന്ന് ഭാര്യ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ആൾമറയും വലയിട്ടു മൂടിയതുമായ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതു തന്നെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാര്യത്തിൽ വ്യക്തത ഉണ്ടാകൂയെന്ന് പൊലീസ് പറഞ്ഞു.