മൊബൈൽ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി.
മൈസൂരു: മൈസൂരു ജില്ലയിൽ മൊബൈൽ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മൈസൂരു ബന്നി മണ്ഡപ് സ്വദേശി ഉമൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും വ്യാപാരിയുമായ അസ്ലം പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമൈസ് മൊബൈൽ ഫോണിന് അടിമയായിരുന്നെന്നും മൊബൈൽ ഉപയോഗം വിലക്കുമ്പോൾ പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി ബുധനാഴ്ച അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ അസ്ലംപാഷ ഉമൈസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമൈസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു. ഉവൈസിന്റെ മാതാവ് ഇസ്രത്ത് സൽമ കന്നഡ അധ്യാപികയാണ്. നവംബർ 28 ന് രാത്രി 11.45 ന് സൗദി അറേബ്യയിലെ മക്കയിലേക്കു പോകാനായി ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് കൊല നടന്നത്. സംഭവമറിഞ്ഞ ഉടൻ അവർ നാട്ടിലേക്ക് തിരിച്ചു. ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമം നടത്തിവരികയായിരുന്നു ഉവൈസ്.