കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിൽ, അച്ഛൻ റെജിയോട് വിവരങ്ങൾ തിരക്കുന്നു
കൊല്ലം : കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക നീക്കവുമായി പൊലീസ് സംഘം. രേഖാചിത്രത്തിലെ സ്ത്രീയെ തിരിച്ചറിഞ്ഞതിലും ഓട്ടോ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിലേക്ക് അടക്കം വിരൽചൂണ്ടുന്ന സാഹചര്യത്തിൽ, പുതിയ വിവരങ്ങളിൽ അച്ഛനിൽ നിന്നും വ്യക്തത തേടും. ഇതിനായാണ് പൊലീസ് സംഘമെത്തിയത്.
കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതികൾ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. കല്ലുവാതുക്കലിൽ നിന്നും പ്രതികൾ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവർ പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് പുതിയ രേഖാചിത്രത്തിലൂടെ ഉണ്ടായത്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. ഇവര്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നാണ് പൊലീസിന് കിട്ടിയ സൂചന. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.