കാസർകോട് ബദിയഡുക്കയിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പൂട്ടി; നിക്ഷേപകർക്ക് കോടികൾ നഷ്ടം; പൊലീസിൽ പരാതി നൽകി ഇടപാടുകാർ
കാസർകോട്: കാസർകോട് ബദിയഡുക്കയിൽ വൻ പലിശ വാഗ്ദാനം ചെയ്തു പ്രവർത്തിച്ചുരുന്ന
ധനകാര്യ സ്ഥാപനം പൂട്ടി നടത്തിപ്പുകാർ മുങ്ങിയതായി പരാതി. ഇതു സംബന്ധിച്ചു നൂറോളം
ഇടപാടുകാർ കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അതിനുശേഷം ധനകാര്യ സ്ഥാപന നടത്തിപ്പുകാരനും സ്റ്റേഷനിലെത്തി സ്ഥാപനം ഇന്നു
തുറക്കുമെന്നും നിക്ഷേപകർക്കു സമയബന്ധിതമായി പണം തിരിച്ചു കൊടുക്കുമെന്നും
അറിയിച്ചിരുന്നു.എന്നാൽ നടത്തിപ്പുകാരന്റെ വാഗ്ദാനം വൻ തട്ടിപ്പാണെന്നാണ് ഇടപാടുകാർ
പറയുന്നത്. റോയൽ ട്രാവൽകൂർ എന്ന പേരിലാണ് ഫാർമർ പ്രൊഡ്യൂസർ സ്ഥാപനം ഒരു വർഷം
മുമ്പു ബദിയഡുക്കയിൽ പ്രവർത്തനമാരംഭിച്ചത്. നിരവധി സ്ത്രീകൾ കളക്ഷൻ ഏജന്റുമാരായി
പ്രവർത്തിച്ചിരുന്നു. കൂലിപ്പണിക്കാർ. ചെറുകിട സ്വയം തൊഴിൽ സംരംഭകർ എന്നിവരെ
സമീപിച്ചു വൻ വാഗ്ദാനം ചെയ്താണ് നിക്ഷേപ പദ്ധതിയിൽ ചേർത്തതെന്നും പറയുന്നു.
കോടിക്കണക്കിനു രൂപ ഇത്തരത്തിൽ ബദിയഡുക്ക പരിസരത്തു നിന്നും നിക്ഷേപമായി
സ്വീകരിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. നിക്ഷേപത്തുക തിരിച്ചെടുക്കാൻ ഇടപാടുകാർ
എത്തിയതോടെയാണ് സ്ഥാപനം തുറക്കാതായതെന്നു പറയുന്നു. നടത്തിപ്പുകാരെ ഫോൺ
ചെയ്യുന്നുണ്ടെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ഇടപാടുകാർ പൊലീസിനെ
സമീപിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂർ സ്വദേശികളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരെന്നു
പറയുന്നു. ഇവർക്കു മറ്റു പല സ്ഥലങ്ങളിലും നിക്ഷേപ ശേഖരണ സ്ഥാപനങ്ങളുണ്ടെന്നു
ഇടപാടുകാർ പറഞ്ഞു.