ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യൻ ടീം ഇന്ന്, രോഹിത് കളിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം; സഞ്ജുവിന് സാധ്യതയില്ല
മുംബൈ: അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ട20 ക്രിക്കറ്റില്‍ കളിക്കാത്ത രോഹിത്തിനോട് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ലണ്ടനില്‍ അവധി ആഘോഷിക്കുന്ന രോഹിത് ഇതുവരെ മനസ് തുറന്നിട്ടില്ല.
വൈറ്റ് ബോള്‍ സീരീസില്‍ കളിക്കാന്‍ രോഹിത് താല്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തെണ്ടിവരും. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെയും ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലിനെയും ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാറാണ് ഇന്ത്യയെ നയിക്കുന്നത്.