തടി ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന് പുതുജീവൻ; കാറിനുള്ളിൽ കുടുക്കിയത് ഒരു മണിക്കൂർ
കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർയാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞാണ് കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബ് അപകടത്തിൽപ്പെട്ടത്.നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തി. പിന്നീട് കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയായിരുന്നു. കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്.