രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട് മത്സരിക്കും, ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സി എത്തില്ല
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി സിറ്റംഗ് മണ്ഡലമായ വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
രാഹുല്‍ ഉത്തരേന്ത്യന്‍ മണ്ഡലം തിരഞ്ഞെടുക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
വയനാട്ടിലേക്ക് വരുമ്പോഴൊക്കെ തന്റെ വീടാണെന്ന തോന്നല്‍ ശക്തിപ്പെടുന്നതായി ഇന്നലെ നടന്ന ചടങ്ങില്‍ രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം, എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ജനവിധി തേടുന്നതിനോട് നേതൃത്വത്തിന് താത്പര്യമില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ദൗത്യത്തിലാണ് അദ്ദേഹം. 2019ലും ഇതുകാരണം അദ്ദേഹം മത്സരിച്ചില്ല. കണ്ണൂര്‍ സിറ്റിംഗ് എം.പിയും കെ.പി.സി.സി അദ്ധ്യക്ഷനുമായ കെ സുധാകരന് മത്സരിക്കുമോയെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് താരിഖ് അന്‍വര്‍ മറുപടി നല്കി.