കാസർകോട്: സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ് .ജില്ലയില്‍ പൊതുവില്‍ വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്നതിനാലും നിലവിലെ ചൂട് സാധാരണയിലും കൂടുതലായതിനാലും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഹോമിയോപ്പതി വകുപ്പ് പ്രചരണമാരംഭിച്ചിരിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രതികൂലമായ സാഹചര്യമാണ് വേനല്‍ക്കാലത്ത് ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ മറ്റേത് കാലത്തേക്കാളും ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ ആവശ്യമായിട്ടുള്ള കാലം കൂടിയാണ് വേനല്‍ക്കാലം. മുതിര്ന്നവരിലുപരിയായി കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ഇക്കാലത്ത് സവിശേഷ ശ്രദ്ധ ആവശ്യമാണ്. ചൂട് കൂടിയ നിലവിലെ കാലാവസ്ഥയ്ക്കനുസൃതമായി ഭക്ഷണവും ജീവിതശൈലികളും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷമാകെ പൊടിയും പുകയും നിറയുമെന്നത് ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടാനിടയാക്കുന്നു. ജലസ്രോതസ്സുകളെല്ലാം വറ്റി വരളുന്നതോടൊപ്പം അവശേഷിക്കുന്നവയില്‍ പലതിലും മാലിന്യത്തിന്റെ അളവ് കൂടാനുള്ള സാധ്യതയുമുണ്ട്. ശുദ്ധജലലഭ്യതയ്ക്ക് ഇതുമൂലം കുറവ് സംഭവിക്കുകയയും അത് മറ്റുതരത്തിലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. ചെറുതും വലുതുമായ നിരവധി പകര്‍ച്ചരോഗങ്ങള്‍ വേനല്‍ക്കാലത്ത് വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം.ഹീറ്റ് റാഷ് (ചൂട് കുരു) മുതല്‍ സൂര്യാഘാതം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തം, ചിക്കന്‍ പോക്സ്, ചെങ്കണ്ണ്, കോളറ, ടൈഫോയ്ഡ് ഇതൊക്കെ വേനല്‍ക്കാലത്ത് പടരാന്‍ സാധ്യത കൂടുതലാണ്. വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തില്‍ ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്. രോഗങ്ങളില്‍ മിക്കതും വരുന്നത് ശുചിത്വക്കുറവ് കൊണ്ടാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം.സൂര്യാഘാതം ആണ് വേനല്‍ക്കാലത്ത് വലിയ വില്ലനാകുന്ന ഒരു പ്രശ്നം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം.