മകളെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടുചാമ്പലാക്കി; അച്ഛനായി തിരച്ചിൽ തുടരുന്നു
ജയ്പൂർ: കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. രാജസ്ഥാനിലെ പാലി ജില്ലയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പ്രതിയായ ശിവ്ലാൽ മേഘ്വാൾ മൂത്ത മകളായ നിർമ്മയെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശിവ്ലാൽ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇയാൾ 12 വർഷമായി കുടുംബത്തിൽ നിന്ന് വഴക്കിട്ട് മാറിയാണ് താമസിക്കുന്നത്. ശിവ്ലാലിന്റെ ഭാര്യയും ഇളയ മകളും ഗുജറാത്തിലാണ് താമസിക്കുന്നത്. നിർമ്മ കാരണമാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. തിങ്കളാഴ്ച പാലിയിലെ ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ നർമ്മയെ പ്രതി കണ്ടിരുന്നു.
തുടർന്ന് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന വ്യാജേന ഇയാൾ നർമ്മയുമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം തിരിച്ചെത്തിയ പ്രതിയുടെ കൈയിൽ രക്തക്കറ കണ്ടതോടെ ഇളയമകൾ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. നർമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം പ്രദേശവാസികളാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.