യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന് പിന്നാലെ ഭർതൃപിതാവും അറസ്റ്റിൽ
കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച
നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന് പിന്നാലെ ഭർതൃപിതാവും അറസ്റ്റിൽ.
ശ്രീകണ്ഠമംഗലം പനയത്തിക്കവല സ്വദേശി അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെ
(24) നവംബർ 7-ാം തീയതി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ്
അനിലിന്റെ പിതാവ് വർക്കിയേയും (56) പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ ഭർത്താവ്
അനിൽ നേരത്തെ അറസ്റ്റിലായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷൈമോളുടെ മാതാവ്
നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽ വർക്കി (26) അറസ്റ്റിലായത്. ഇയാളെ
കോടതി റിമാൻഡ് ചെയ്തിരുന്നു. യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം
റിപ്പോർട്ടിലുണ്ട്. ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും റിപ്പോർട്ടിൽ
പറയുന്നു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ്
അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ശനിയാഴ്ച (നവംബർ 25) പുലർച്ചെ അനിൽ
വർക്കിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി
നൽകി. പുലർച്ചെ മൂന്ന് മണിയോടെ വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് നേരെയാണ്
ആക്രമണം നടന്നത്. സ്ഫോടക വസ്തു നിറച്ച ബിയർ കുപ്പികളുടെ അവശിഷ്ടങ്ങളും സംഭവ
സ്ഥലത്തുണ്ടായിരുന്നു. വീട്ടുകാർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും തീ
അണയ്ക്കുകയും ചെയ്യുകയായിരുന്നു.