വളര്‍ത്തി വലുതാക്കിയ ടീമിനെ തള്ളിപ്പറഞ്ഞ ഹാര്‍ദിക്കിനെ മുംബയ് ഇന്ത്യന്‍സ് കോടികള്‍ മുടക്കി തിരിച്ചെത്തിച്ചത് എന്തിന്?
മുംബയ്: ഐപിഎല്‍ താരങ്ങളുടെ ട്രേഡിംഗില്‍ റെക്കാഡ് തുകയായ 15 കോടി ചെലവിട്ടാണ് മുംബയ് ഇന്ത്യന്‍സ് അവരുടെ മുന്‍ സൂപ്പര്‍താരം ഹാര്‍ദിക് പാണ്ഡ്യയെ തിരികെ ടീമിലെത്തിച്ചത്. അതും കഴിഞ്ഞ സീസണില്‍ മുംബയെ തള്ളിപ്പറഞ്ഞ അതേ ഹാര്‍ദിക്കിനെ. 2015ല്‍ ആഭ്യന്തര താരമായിരുന്ന ഹാര്‍ദിക്കിനെ വെറും 10 ലക്ഷം രൂപ മുടക്കിയാണ് മുംബയ് ടീമിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി ഹാര്‍ദിക് മാറുകയും ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യയെന്ന ബറോഡക്കാരന് പയ്യനെ ഇന്ന് കാണുന്ന സൂപ്പര്‍താരമാക്കി മാറ്റിയതില്‍ മുംബയ് ഇന്ത്യന്‍സിന് വലിയ പങ്കുണ്ട്. ടീമിനൊപ്പം നാല് ഐപിഎല്‍ കിരീട വിജയങ്ങളില്‍ പങ്കാളിയായ ഹാര്‍ദിക്കിനെ 2021 സീസണിന് ശേഷം മുംബയ് റിലീസ് ചെയ്തത് അപ്രതീക്ഷിതമായിട്ടായിരുന്നു. അവിടെ നിന്ന് പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലെത്തി ടീമിനെ നയിച്ച ഹാര്‍ദിക് കന്നി സീസണില്‍ കിരീടവും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളുമാക്കി.
കഴിഞ്ഞ സീസണില്‍ മുംബയ്ക്ക് എതിരെ ഹാര്‍ദിക് നടത്തിയ ചില പരാമര്‍ശങ്ങള്‍ നായകന് രോഹിത് ശര്‍മ്മയെ പോലും ചൊടിപ്പിച്ചിരുന്നു. മുംബയ് സൂപ്പര്‍സ്റ്റാറുകളെ ടീമിലെത്തിച്ചാണ് കിരീടം നേടുന്നതെന്നായിരുന്നു പാണ്ഡ്യയുടെ പരാമര്‍ശം. ഇതിന് രോഹിത് മറുപടിയും നല്‍കിയിരുന്നു. ഹാര്‍ദിക്കിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞ സീസണില്‍ 17.50 കോടി രൂപ മുടക്കി സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് കൈമാറിയാണ് മുംബയ് പഴ്സില്‍ പണം കണ്ടെത്തിയത്.
താരവുമായുള്ള ബന്ധം അത്ര നല്ലതല്ലാതിരിക്കുമ്പോഴും എന്തിനാണ് ഇത്രയും തുക മുടക്കി തിരികെ എത്തിച്ചതെന്ന ചോദ്യമാണ് ചര്‍ച്ചാ വിഷയം. കാമറൂണ്‍ ഗ്രീന്‍ വെറും 23 വയസ്സ് മാത്രമുള്ള താരമാണ്. കളിച്ച ഒരേയൊരു സീസണില്‍ മുംബയ്ക്കായി സെഞ്ച്വറി ഉള്‍പ്പെടെ നേടി. ഹാര്‍ദിക് ആകട്ടെ നിരന്തരം പരിക്ക് അലട്ടുന്ന താരവും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭാവി കൂടി മുന്നില്‍ക്കണ്ടാണ് മുംബയുടെ നടപടിയെന്ന് വേണം മനസ്സിലാക്കാന്‍.
ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ നയിച്ച 33 മത്സരങ്ങളില്‍ 23 ജയങ്ങള്‍ ടീം സ്വന്തമാക്കി. ഇന്ത്യയെ 16 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 10 ജയം അക്കൗണ്ടിലുണ്ട്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് 36 വയസ്സാണ്. ഒന്നോ രണ്ടോ സീസണുകള്‍ക്കപ്പുറം രോഹിത്ത് ടീമില്‍ കളിക്കാനും സാദ്ധ്യതയില്ല. ഭാവി ടീമിനെ ഹാര്‍ദിക്കിന് കീഴില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഈ തിരിച്ചെത്തിക്കലിന് പിന്നില്‍ എന്ന് വ്യക്തം.