റെയിൽവെ സ്റ്റേഷനുകളിൽ സന്ദർശനത്തിനെത്തിയ എം.പിക്ക് കരിങ്കൊടി; കുമ്പളയിൽ സ്വീകരണം
കാസർകോട്: അവഗണന നേരിടുന്ന റെയിൽവെ സ്റ്റേഷനുകളിൽ സന്ദർശനത്തിനെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയോട് സമ്മിശ്ര പ്രതികരണം. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. കുമ്പളയിൽ ജനപ്രതിനിധികളും സംഘടനകളും നാട്ടുകാരും വൻ സ്വീകരണവും നൽകി. കഴിഞ്ഞ നാലരവർഷക്കാലം പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കാത്ത എം.പി ഇപ്പോൾ നടത്തുന്ന സന്ദർശനം പ്രഹസനമാണെന്നും ഇത് തെരഞ്ഞെടുപ്പുമുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ആരോപിച്ചാണ് മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിൽ എസ്സിപിഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം കുമ്പളയിൽ എത്തിയ എം.പിയെ കുമ്പള പഞ്ചായത്ത് ഭരണസമിതിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും യുഡിഎഫ്. പ്രവർത്തകരും സ്വീകരണം നൽകി. വ്യാപാരി നേതാക്കളും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു. ഒരു മണിക്കൂറോളം-കുമ്പള റെയിൽവേ സ്റ്റേഷനിൽ ചിലവിട്ട എം.പി യാത്രക്കാരുമായി സംസാരിച്ചു. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ കുറവും ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിന്റെ ദുരിതവും എംപിക്കു മുന്നിൽ പരാതികളായി നിരത്തിവച്ചു. പ്രശ്നത്തിനു പരിഹാരം കാണാൻ കേന്ദ്ര റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് അറിയിച്ചാണ് എം.പി മടങ്ങിയത്.
കരിങ്കൊടി കാണിച്ച അഞ്ചു എസ്സിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടതായി പൊലീസ് പറഞ്ഞു.