കുസാറ്റ് അപകടം: ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനികളുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി
കൊച്ചി: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ ടീമിന്റെ സേവനം ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.
ശനി രാത്രി ഏഴോടെയായിരുന്നു ദുരന്തം. എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിന്റെ ‘ധിഷ്ണ 2023’ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള സംഘടിപ്പിച്ചത്. എട്ടിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടി തുടങ്ങുന്നതിനുമുമ്പായിരുന്നു ദുരന്തം. സ്റ്റേഡിയം മാതൃകയിലുള്ള ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ കനത്ത തിരക്ക് ഉണ്ടാകുകയായിരുന്നു. കുത്തനെ താഴേക്കുള്ള പടിവാതിൽക്കൽ മറിഞ്ഞുവീണ വിദ്യാർഥികൾക്കുമേൽ മറ്റു വിദ്യാർഥികളും വീണു. അപകടത്തിൽ എൻജിനിയറിങ് വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.