വിവാഹം ആകാശത്ത്; വിമാനത്തിനുള്ളില്‍ മിന്നുകെട്ടി ഇന്ത്യന്‍ വ്യവസായിയുടെ മകള്‍
വിവാഹം വ്യത്യസ്തമായ രീതിയില്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ജീവിതത്തിലെ പ്രിയപ്പെട്ട ദിവസം മനോഹരമാക്കാന്‍ പല വഴികളും ആളുകള്‍ സ്വീകരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിനുള്ളിലായിരുന്നു ഈ വിവാഹം. യുഎഇയിലെ ബിസിനസുകാരനായ ദിലീപ് പോപ്ലേയുടെ മകള്‍ വിധി പോപ്ലേയും ബാല്യകാല സുഹൃത്തായ ഹൃദേഷ് സയ്നാനിയുമാണ് ഈ അപൂര്‍വ വീഡിയോയിലെ നായകനും നായികയും. ബോയിങ് 747 പ്രൈവറ്റ് ജെറ്റായിരുന്നു വിവാഹവേദി. ഭൂമിയില്‍ നിന്ന് 30,000 അടി ഉയരത്തില്‍ ഇരുവരുടേയും വിവാഹചടങ്ങുകള്‍ നടന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 357 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ദുബായില്‍ നിന്ന് ഒമാനിലേക്കാണ് വിമാനം പറന്നത്. ഈ യാത്രക്കായെടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ വിവാഹച്ചടങ്ങുകള്‍ നടത്തി. അതിനുശേഷം അതിഥികള്‍ ബോളിവുഡ് പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
വിവാഹവുമായി ബന്ധപ്പെട്ട് വിമാനത്തിനുള്ളില്‍ അലങ്കരിക്കുകയും ഓരോ സെഷനിലും ചെറിയ പ്രൊജക്റ്റകുള് സ്ഥാപിക്കുകയും ചെയ്തിരുന്നു. എല്ലാവര്ക്കും ചടങ്ങുകള്‍ പൂര്‍ണമായും കാണാന്‍ വേണ്ടിയായിരുന്നു ഇത്. പ്രത്യേക ഭക്ഷണവും വിമാനത്തിനുള്ളില്‍ ഒരുക്കിയിരുന്നു. വെജിറ്റബ്ള്‍ ജാല്ഫ്രാസി, മഷ്റൂം പുലാവ്, പലക് പനീല്, ദാല്‍ മസാല തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. വിമാനം പുറപ്പെടുന്നതിന് മുമ്പ് ബ്രഡും ബട്ടറും അതിഥികള്‍ക്ക് നല്‍കിയിരുന്നു.
നേരത്തെ വിധിയുടെ അച്ഛന് ദിലീപും അമ്മ സുനിതയും വിവാഹിതരായതും വിമാനത്തിനുള്ളിലായിരുന്നു. 28 വര്‍ഷം മുമ്പ് നടന്ന ഈ ചടങ്ങിന് വേദിയായത് എയര്‍ ഇന്ത്യാ വിമാനമാണ്.