തിരിച്ചറിയൽ കാർഡ് തട്ടിപ്പ്; ഷാഫി പറമ്പിലിന് വിജിലൻസ് കോടതി നോട്ടീസ്, നാളെ ഹാജരാകണം
മൂവാറ്റുപുഴ:യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് അടക്കമുള്ള തട്ടിപ്പുകളിൽ ഷാഫി പറമ്പിൽ എംഎൽഎക്ക് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്. ഷാഫി പറമ്പിലിന് പ്രത്യേക ദൂതൻ വഴി നോട്ടീസ് കൈമാറി. നാളെ നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാകണമെന്ന് കോടതി നിർദേശം.
തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും ചൂണ്ടികാട്ടി മുവാറ്റുപുഴ സ്വദേശി സനിൽ പി എസ് ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡൻ്റ് പദവി കൈമാറുന്നത് തടയണം എന്നായിരുന്നു ആവശ്യം.
ചുമതല കൈമാറരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു കേസ് ഡിസംബർ 2 ന് പരിഗണിക്കാൻ കോടതി നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഡിസംബർ ഒന്നിന് ചുമതല കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡൻ്റായ ഷാഫി പറമ്പിൽ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഹർജിക്കാരൻ കോടതിയെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് നാളെ തന്നെ പരിഗണിക്കാനും ഷാഫി പറമ്പിലിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചത്.