‘കൊളസ്ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ഷോയ്ക്കും അപ്പുറം എന്താണ് യാത്രയുടെ ഗുണം’
തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ച കർഷകനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുന്ന നവകേരള സദസ് യാത്രയുടെ പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം.
കണ്ണൂർ കൊളക്കാട് സ്വദേശിയായ ക്ഷീര കർഷകൻ എംആർ അൽബർട്ട് (68) ആണ് ആത്മഹത്യ ചെയ്തത്.
മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് എംആർ ആൽബർട്ട് എന്ന ക്ഷീരകർഷകൻ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്യുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണമെന്നും രാഹുൽ ചോദിക്കുന്നു.
‘എന്തുകൊണ്ടാണ് ആൽബർട്ട് അടക്കമുള്ള ക്ഷീര കർഷകർക്ക് അവരുടെ സർക്കാർ അവകാശങ്ങൾ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സിൽ പരാതി പറയാൻ തോന്നാതിരുന്നത്?
എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകർഷകരുടെയടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാത്തത്? മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോൾ, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു’- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് പുലർച്ചെ ആൽബർട്ടിന്റെ ഭാര്യ വത്സല പളളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആൽബർട്ടിന് കേരള ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നവംബർ 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആൽബർട്ട് സജീവ പൊതുപ്രവർത്തകനായിരുന്നു.
ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി ആൽബർട്ട് വായ്പ എടുത്തിരുന്നു. ഇതിന്റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരിൽ കേരള ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്.