കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി കാസർകോട്ട് യുവാവ് അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി റസീൽ (39) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ എക്സൈസ് ഇൻസ്പെക്ടർ കെ കെ സുധീറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ടാറ്റ ആൾട്രോസ് കാറിൽ ബെംഗ്ളൂറിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 28.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബംഗളൂരിൽ നിന്നും എംഡിഎംഎ കൊണ്ടുവന്ന് ചെറു പാകറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്നും എക്സൈസ് വ്യക്തമാക്കി. പിടികൂടിയ മയക്കുമരുന്നിന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കും. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, സികെവി സുരേഷ്, സിഇഒമാരായ പ്രസാദ് എംഎം ശൈലേഷ് കുമാർ, സുനിൽകുമാർ, വനിത സിഇഒ ഇന്ദിര കെ. ഡ്രൈവർ ദിജിത് എന്നിവരും ഉണ്ടായിരുന്നു.