കൊച്ചി: പൊലിസിന്റെ തോക്കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടന്നും കേസ് രജിസ്റ്റർ ചെയ്തെന്നും സർക്കാർ വ്യക്തമാക്കി. തിരകൾ നഷ്ടപ്പെട്ടതിനേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും കേസിൽ ഒൻപത് പ്രതികൾ ഉണ്ടന്നും സർക്കാർ ബോധിപ്പിച്ചു.
സംഭവത്തിൽ സ്വീകരിച്ച നടപടികൾ സത്യവാങ്ങ്മൂലമായി അറിയിക്കാൻ കോടതി ഉത്തരവിട്ടു.നടപടി റിപ്പോർട്ടുമായി ബന്ധപ്പെട്ട രേഖകൾ സത്യവാങ്ങ്മൂലത്തിനൊപ്പം ഹാജരാക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു.തോക്കും തിരകളും കാണാതായന്ന സി എ ജി റിപോർട്ടിലെ പരാമർശത്തിൽ ആഭ്യന്തര പരിശോധന നടത്തിയെന്നും സർക്കാർ അറിയിച്ചു. ഹർജിയിൽ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.സംസ്ഥാന സർക്കാർ ഒരാഴ്ചക്കകം സത്യവാങ്ങ്മൂലം നൽകണം.25 തോക്കുകളും 12061 തിരകളും കാണാതായിട്ടും ഇതുവരെ നടപടി ഒന്നും ഇല്ലന്നും വെടിക്കോപ്പുകളുടെ കണക്കെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത് .