മരണവീട്ടിൽ രാഷ്ട്രീയ ചർച്ച; കോൺഗ്രസ്സ് പ്രവർത്തകന് കുത്തേറ്റു
ഇടുക്കി: മരണ വീട്ടിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതിനെതുടർന്നുണ്ടായ തർക്കത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. അക്രമം നടത്തിയ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം പൊലീസ് കസ്റ്റഡിയിൽ.
ഇടുക്കി, നെടുങ്കണ്ടത്തെ മരണവീട്ടിൽ ഇന്നലെ രാത്രിയിലാണ് കോൺഗ്രസ് പ്രവർത്തകനായ ഫ്രിജോ ഫ്രാൻസിസിനു കുത്തേറ്റത്. ഇയാൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിലാണ്. കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗവും മുൻ നെടുങ്കണ്ടം പഞ്ചായത്ത് അംഗവുമായ ജിൻസൻ ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്. സ്ഥലത്തെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടയിൽ ആണ് സംഭവം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ തർക്കം രൂക്ഷമായതോടെയാണ് ജിൻസൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു കുത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടയിൽ മറ്റൊരാൾക്കും ചെറിയ പരിക്കേറ്റു.