മൊതാസ് അസൈസ; ഗസ്സയുടെ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞ മാധ്യമപ്രവര്ത്തകന്
ഗസ്സ: മൊതാസ് അസൈസ….ഇസ്രായേല്‍ നരനായാട്ട് തുടരുന്ന ഗസ്സയിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും അചഞ്ചലമായ ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക കാണിച്ച മാധ്യമപ്രവര്ത്തകന്. യുദ്ധമുഖത്തു നിന്നും മൊതാസ് എന്ന ഫലസ്തീനിയന്‍ ഫോട്ടോജേര്‍ണലിസ്റ്റ് പകര്‍ത്തിയതെല്ലാം വേദനയുടെയും അനാഥത്വത്തിന്റെയും നഷ്ടപ്പെടലിന്റെയും വേട്ടയാടലിന്റെയും ദൃശ്യങ്ങളായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ജീവന് പോലും നോക്കാതെ ഗസ്സയുടെ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് മൊതാസിനെ മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിക്യൂ മിഡില്‍ ഈസ്റ്റ്(GQ Middle East) എന്ന മാഗസിന് 2023ലെ ‘മാന്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കരിയര്‍ തുടങ്ങിയ മൊതാസ് നിലവില്‍ യു.എൻ.ആർ.ഡബ്ല്യു.എയിൽ ( United Nations Relief and Works Agency )ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് . ജിക്യു മിഡില്‍ ഈസ്റ്റ് വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് മൊതാസിനെ ‘മാൻ ഓഫ് ദ ഇയർ’ ആയി പ്രഖ്യാപിച്ച വിവരം അറിയിക്കുന്നത്. ”ജിക്യു മിഡില്‍ ഈസ്റ്റ് മൊതാസ് അസൈസയെ ‘മാന്‍ ഓഫ് ദി ഇയര്‍’ ആയി പ്രഖ്യാപിക്കുന്നു.പ്ലെസ്റ്റിയ അലഖാദ് (@byplestia), ഹിന്ദ് ഖൗദരി (@hindkhoudary), വാൽ അൽ-ദഹ്ദൂഹ് (@wael_eldahdouh), പരേതനായ ഇസ്സാം അബ്ദല്ല, പരേതനായ ഷിറീൻ അബു അക്ലേ. തുടങ്ങി നമുക്ക് അറിയാവുന്നതും അറിയാത്തതുമായ നിരവധി മാധ്യമപ്രവര്‍ത്തകരുടെ നിര്‍ഭയത്തോടെയും സമാനതകളുമില്ലാത്ത പോരാട്ടത്തിനായി ഇതു സമര്‍പ്പിക്കുന്നു” ജിക്യു മിഡില്‍ ഈസ്റ്റ് അവരുടെ പോസ്റ്റില്‍ കുറിച്ചു.വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൊതാസിനെ തെരഞ്ഞെടുത്തതെന്നും മാഗസിന് വ്യക്തമാക്കുന്നു.
“നമ്മൾ കാണാൻ ആഗ്രഹിക്കുന്ന അതേ മാറ്റം നടപ്പിലാക്കാൻ മനുഷ്യർക്ക് ശക്തിയുണ്ടെന്ന്” മൊതാസ് തെളിയിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹം അധികാരത്തോട് ധൈര്യത്തോടെ സത്യം സംസാരിക്കുന്നത് തുടരുമ്പോൾ അദ്ദേഹത്തിന്റെയും ചുറ്റുമുള്ളവരുടെയും സുരക്ഷക്കായി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ”ക്രൂരതക്കും ഇരുട്ടിനും ഇടയില്‍ നിന്നുകൊണ്ട് മൊതാസ് ഗസ്സയില്‍ വെളിച്ചം വീശിയെന്ന്” ജിക്യു മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് അഹമ്മദ് ഷിഹാബ് എല്‍ദിന്‍ പറഞ്ഞു. സംഘര്‍ഷഭരിതമായ ഒരു പ്രദേശത്ത്, ഗസ്സയുടെ അജയ്യമായ പോരാട്ടത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മൊതാസ് പ്രതിരോധത്തിന്റെ പര്യായമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.