1500 കോടിയുടെ നഷ്ടം നികത്താൻ ബലിയാടാക്കുന്നത് പാവം ഉപഭോക്താക്കളെ: വൈദ്യുതി നിരക്ക് വർദ്ധന ഇനി എല്ലാ വർഷവും
സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർദ്ധന ഇനി എല്ലാ വർഷവും പ്രതീക്ഷിക്കണം. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ നിരക്കു വർദ്ധനയുണ്ടായി. ഇതിനു മുമ്പ് ചാർജ് വർദ്ധന നടപ്പാക്കിയത് 2022 ജൂണിലായിരുന്നു.
ഓരോ വർഷവും ശരാശരി 1500 കോടി രൂപയാണ് വൈദ്യുതി ബോർഡിന്റെ പ്രവർത്തന നഷ്ടം. കഴിഞ്ഞ കുറേ വർഷങ്ങളായി സംഭവിച്ച നഷ്ടം കൂടി ച്ചേർത്താൽ നഷ്ടം 15,000 കോടി രൂപയിലധികം വരും. ബോർഡിനു സംഭവിക്കുന്ന നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കാൻ വഴിയൊന്നുമില്ലേ? അതിന് ആദ്യം കെ.എസ്.ഇ.ബിയുടെ ചെലവു ചുരുക്കണം. രണ്ടാമതായി, സ്ഥാപനത്തിന്റെ കാര്യക്ഷമതയും കുടിശ്ശിക പിരിവും മെച്ചപ്പെടുത്തണം.
വൈദ്യുതി ബോർഡിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 33,600 ആണ്. കുറച്ചു വർഷം മുമ്പ് എം. ശിവശങ്കർ ചെയർമാൻ ആയിരുന്ന കാലത്ത് കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നടത്തിയ പഠനം അനുസരിച്ച് ബോർഡിന്റെ കാര്യക്ഷമമായ നടത്തിപ്പിന് 24,000 ജീവനക്കാരുടെ ആവശ്യമേയുള്ളൂ. അതായത്, 9600 ജീവനക്കാർ അധികം!
ഈ കണക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. ഇതനുസരിച്ച് ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം. കുറച്ചു വർഷങ്ങളിലേക്കെങ്കിലും പുതിയ നിയമനങ്ങൾ നിയന്ത്രിക്കണം. ഇപ്പോഴുള്ള ജോലിക്കാർക്ക് പുന:പരിശീലനം കൊടുത്ത് ബോർഡിന്റെ തന്നെ മറ്റു വിഭാഗങ്ങളിലേക്ക് ആവശ്യാനുസരണം നിയോഗിക്കാം. ഈ നടപടികളിലൂടെ ശമ്പളം, പെൻഷൻ ഇനങ്ങളിലെ ചിലവ് നിയന്ത്രിക്കാനാകും.
കെ.എസ്.ഇ.ബിക്ക് പിരഞ്ഞുകിട്ടാനുള്ള കുടിശ്ശിക 3000 കോടി രൂപയിലധികമാണ്. ഗാർഹിക ഉപഭോക്താക്കൾ കുടിശ്ശിക വരുത്തിയാൽ പിറ്റേന്നു തന്നെ നടപടിയെടുക്കുന്ന ബോർഡ്, വൻകിട ഉപഭോക്താക്കളുടെ കാര്യത്തിൽ കണ്ണടയ്ക്കും. കിട്ടാനുള്ള തുക ഉടനടി പിരിച്ചെടുത്താൽ കടക്കെണിയിലായ കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമാകും.