കഞ്ചാവിന്റെ മൊത്തവിതരണക്കാരൻ തലസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥി, സ്റ്റഫ് ഒളിപ്പിക്കാൻ കണ്ടുപിടിച്ചത് ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി
കാട്ടാക്കട: കഞ്ചാവ് പൊതികൾ മിഠായി കുപ്പികളിലാക്കി സ്കൂളുകളിൽ വിതരണം ചെയ്യുന്ന വിദ്യാർത്ഥി പിടിയിൽ. ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ സ്കൂളുകളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ എക്സൈസിന്റെ മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് നടത്തിയ പരിശോധയിൽ കാട്ടാക്കട മൈലോട്ടുമൂഴി ഭാഗത്ത് വച്ച് വെള്ളിയാഴ്ച രാവിലെയോടെ വിദ്യാർത്ഥി പിടിയിലാകുന്നത്.
മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവ് ചെറിയ പൊതികളിലാക്കി വലിയ പ്ലാസ്റ്റിക് മിഠായി കുപ്പിയിലാക്കി സ്കൂൾ ബാഗിൽ സൂക്ഷിച്ച് കടത്തികൊണ്ട് വരുകയായിരുന്നു. കുറച്ചു ദിവസത്തെ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് വിദ്യാർത്ഥിയെ പിടികൂടിയത്. മുക്കാൽ കിലോയോളം വരുന്ന കഞ്ചാവ് 115 പൊതികളിലാക്കിയത് സംഘം കണ്ടെത്തി.
എക്സൈസ് ഇൻസ്പെക്ടർ കെ. ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശങ്കർ, എം. വിശാഖ്, കെ.ആർ. രജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതി ജുവനൈൽ അയതിനാൽ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.