തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ വീലുകളുള്ള സ്ട്രെച്ചറുകളിൽ പുറത്തെടുക്കും; രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കും
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ചക്രങ്ങളുള്ള സ്ട്രെച്ചറുകൾ ഉപയോഗിച്ച് പുറത്തെത്തിക്കുമെന്ന് അധികൃതർ. പുറത്തെത്തിക്കാനുള്ള പൈപ്പിലൂടെ സ്ട്രെച്ചറുകൾ അവരുടെ അടുത്തേക്ക് എത്തിക്കുമെന്നും അവർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സ്ട്രെച്ചറുകൾ ഉപയോഗിച്ച് പുറത്തെടുക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദേശീയ ദുരന്ത നിവാരണ സേന ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ പുലർച്ചെയോടെ എല്ലാവരെയും രക്ഷിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഡ്രില്ലിംഗ് നടത്തുന്ന ഓഗർ മെഷീനിന്റെ ബ്ലേഡുകൾ തുരങ്കത്തിലെ അവശിഷ്ടക്കൂമ്പാരത്തിലെ ഇരുമ്പ് പാളിയിൽ ഇടിച്ച് രണ്ടാമതും കേടായത് വിനയായി. അത് നന്നാക്കാനും ഇരുമ്പ് പാളി മുറിച്ചു മാറ്റാനും വരുന്ന കാലതാമസം കാരണം ഡ്രില്ലിംഗ് വീണ്ടും നിറുത്തി വച്ചിരുന്നു. ഇരുമ്പ് പാളി മുറിക്കാൻ വിദഗ്ദ്ധർ ശ്രമം നടത്തിയിരുന്നു. ഇതിനായി അവർ ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി ഇരുമ്പ് കുഴലിലൂടെ നുഴഞ്ഞു കയറി.
തൊഴിലാളികളെ എത്തിക്കാൻ പത്ത് കുഴലുകളാണ് വേണ്ടത്. ഇപ്പോൾ പത്താമത്തെ കുഴലാണ് വെൽഡ് ചെയ്യുന്നത്. ഇതിനു പുറമെ ഒരു കുഴൽ കൂടി കൂട്ടിച്ചേർക്കാൻ ആലോചിക്കുന്നതായി നേരത്തേ വിവരം പുറത്തുവന്നിരുന്നു. ഏതാനും മീറ്ററുകൾ കൂടി തുരന്നാൽ തൊഴിലാളികൾക്കരികിൽ എത്താം. ഒരു പൈപ്പ് ഡ്രില്ല് ചെയ്ത് കടത്താൻ നാല് മണിക്കൂർ വേണം. കൂടുതൽ തടസങ്ങൾ ഇല്ലെങ്കിൽ രക്ഷാപ്രവർത്തനം ഇന്ന് പൂർത്തിയാകുമെന്ന് എൻ.ഡി.ആർ.എഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇന്നലെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ധാമിയുമായി സംസാരിച്ചു.