വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്, നാളെ ഹാജരാകണം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് പോലീസ്. നാളെ (ശനിയാഴ്ച) ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പോലീസാണ് നോട്ടിസ് നല്‍കിയത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതിനെ കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായവര്‍ക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തം കാര്‍ നല്‍കിയെന്നും പ്രതികളായ ഫെനിക്കും ബിനിലിനും മൊബൈല്‍ ഒളിപ്പിക്കാന്‍ രാഹുല്‍ സഹായം ചെയ്തുവെന്നതുമാണ് പോലീസിന്റെ ഭാഷ്യം
അതേസമയം കേസില്‍ ഒരാളെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേര്‍ത്തത്. പ്രതിചേര്‍ക്കപ്പെട്ട വികാസ് കൃഷ്ണന് വ്യാജകാര്‍ഡ് നിര്‍മ്മിക്കാന്‍ പ്രതിദിനം 1000 രൂപ വീതം ഗൂഗിള്‍പേ വഴി കൈമാറിയെന്നാണ് പോലീസ് വാദം. മുമ്പ് അറസ്റ്റിലായവര്‍ രഞ്ജുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ വ്യാജ കാര്‍ഡ് നിര്‍മ്മിക്കാനുളള ആപ്പ് നിര്‍മ്മിച്ചത് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും പോലീസിന് സംശയമുണ്ട്. കാസര്‍കോട് സ്വദേശി ജെയ്സണു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ കേസില്‍ അറസ്റ്റിലായ നാല് പേര്‍ക്കും ജാമ്യം ലഭിച്ചത് പോലീസിന്റെ വീഴ്ചയാണെന്നും ആരോപണം ഉയരുന്നുണ്ട്. കോടതിയും ഗുരുതര വീഴ്ചസംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചത് പോലീസിന് തിരിച്ചടിയായിട്ടുണ്ട്.