ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.എട്ടാം ക്ളാസ് വിദ്യാർഥിനിയാണ്. ഏറ്റുമാനൂരിന് സമീപം മീനച്ചിലാർ വേണാട്ടുമാലി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടി വീണയിടത്തുനിന്നും 25 കിലോമീറ്ററുകൾക്ക് അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമാണ് സംഭവം. ചിറ്റാനപ്പാറ-അയ്യമ്ബാറ റോഡിൽ മഴവെള്ളപ്പാച്ചിലിൽ കാൽവഴുതിയ വിദ്യാർഥിനി കുന്നനാകുഴി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് കനത്തമഴയായതിനാൽ പാലാ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.
ഹെലൻ ഉൾപ്പെടെ രണ്ട് കുട്ടികൾ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്തു വന്നിറങ്ങിയത്. തോട്ടിലെ വെള്ളം റോഡിൽക്കയറി ഒഴുകുകയായിരുന്നു. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് റോഡിൽതന്നെ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്കൂൾബസിലെ ഡ്രൈവർ അപകടംകണ്ട് കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഹെലൻ പിടിവിട്ട് ഒഴുക്കിൽപെടുകയായിരുന്നു.