സ്വന്തം യൂട്യൂബ് ചാനലിലൂടെ നാട്ടുകാരെ ഉപദേശം; ഒടുവിൽ ഉസ്താദിന്റെ തനി നിറം പുറത്തായി, 13കാരനെ പീഡിപ്പിച്ചത് നിരവധി തവണ
മലപ്പുറം: ഉസ്താദ് തന്നെ നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് 13കാരൻ. മലപ്പുറം വഴിക്കടവിലാണ് സംഭവം. ഉപദ്രവിച്ചത് ഉസ്താദ് ആയതിനാൽ ആരോടെങ്കിലും തുറന്ന് പറയാൻ തനിക്ക് പേടിയായിരുന്നുവെന്നും കുട്ടി അദ്ധ്യാപികയോട് പറഞ്ഞു. സംഭവത്തിൽ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടി പറഞ്ഞതിന് പിന്നാലെ അദ്ധ്യാപിക വഴിക്കടവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്. മുഹമ്മദ് ഷാക്കിറിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
മദ്രസ അദ്ധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിർ ബാഖവി. സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് ഇയാൾ. തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. പീഡനവിവരം പുറത്തുവന്നതോടെ പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയരുന്നത്.