നവകേരള സദസിലേക്ക് ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണം; വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം
മലപ്പുറം: നവകേരള സദസിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഒരു വിദ്യാലയത്തിൽ നിന്ന് കുറഞ്ഞത് 200 വിദ്യാർത്ഥികളെയെങ്കിലും എത്തിക്കണമെന്നാണ് തിരൂരങ്ങാടി ഡി ഇ ഒ വിളിച്ചുചേർത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തിൽ നൽകിയ നിർദേശം.
സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താനൂർ മണ്ഡലത്തിൽ നിന്ന് ഇരുന്നൂറും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ നിന്ന് നൂറ് വീതമെങ്കിലും കുട്ടികളെ എത്തിക്കണമെന്നാണ് യോഗത്തിൽ നിർദേശിച്ചത്.
പ്രധാനാദ്ധ്യാപകർ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥികളെ കൊണ്ടുപോകാനുള്ള സ്കൂൾ ബസുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ടുകളുണ്ടെന്ന് അറിയിച്ചപ്പോൾ ആവശ്യമെങ്കിൽ സ്കൂളുകൾക്ക് അവധി നൽകാമെന്നും നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകൾ പുറത്തുവന്നിട്ടില്ല.അതേസമയം, കുട്ടികളെ നിർബന്ധിച്ച് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുന്നു പ്രതികരിച്ചു.