രഹസ്യ വിവരം കിട്ടിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ ലഗേജിൽ ഒന്നുമില്ല; ഒടുവിൽ കുടുക്കിയത് കൈയിലെ ജ്യൂസ് പാക്കറ്റ്
ഡൽഹി : ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്നും ദില്ലിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ രണ്ട് കോടിയിലധികം വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ജ്യൂസ് പാക്കറ്റുകളിൽ ബിസ്കറ്റ് രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇന്ത്യന്‍ പൗരന് തന്നെയാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ചെന്നൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിങ് ജീവനക്കാരനില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. പേസ്റ്റ് രൂപത്തിലാക്കി കൊണ്ടുവന്ന ഈ സ്വര്‍ണത്തിന് ഏതാണ്ട് 90 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ നിരീക്ഷിച്ച എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്.
ദുബൈയില്‍ നിന്നെത്തിയ ഒരു യാത്രക്കാരന് വിമാനത്താവളത്തിലെ ശുചിമുറിയില്‍ സ്വര്‍ണം വെച്ചിട്ട് പോയിരുന്നു. അത് അവിടെ നിന്ന് എടുത്ത് ടെര്‍മിനലിന് പുറത്തു നില്ക്കുന്ന ആളിന്റെ അടുത്ത് എത്തിക്കുകയായിരുന്നു ജീവനക്കാരന്റെ ദൗത്യം. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഒരു ട്രാന്‍സിറ്റ് യാത്രക്കാരനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുന്നുണ്ട്. അതേസമയം മറ്റൊരു സംഭവത്തില്‍ ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48.5 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി അബ്ദുൾ ജലീലിൽ നിന്നാണ് 796 ഗ്രാം സ്വർണം പിടികൂടിയത്.