അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം വിദ്യാഭ്യാസത്തെ ബാധിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്ലസ്ടു വിദ്യാർത്ഥിനി
കാസർകോട്: അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം പഠനത്തെ ബാധിക്കുന്നെന്നു
വിദ്യാർഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകി.നവകേരള സദസ്സിൽ നേരിട്ടെത്തി ഹൊസ്ദുർഗ്
ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയായ പി.വി.റിയാരാജാണ്
മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകരെ ഒരു
അധ്യയന വർഷമെങ്കിലും ഒരേ സ്കൂളിൽ തുടരാൻ അനുവദിക്കണമെന്നും, ഇടയ്ക്കിടെയുള്ള
സ്ഥലംമാറ്റം വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
പഠിക്കുന്ന വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന സംശയങ്ങൾ സ്ഥലം മാറിപ്പോയ
അധ്യാപകരെ ഫോൺ ചെയ്ത് ചോദിക്കേണ്ട അവസ്ഥപോലും ചില സാഹചര്യങ്ങളിൽ
ഉണ്ടാകാറുണ്ടെന്നും അടുത്ത അധ്യയന വർഷമെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും
റിയ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം കെമിസ്ട്രി, ഇംഗ്ലീഷ്, ബോട്ടണി, ഹിന്ദി എന്നീ അധ്യാപകർ
സ്ഥലം മാറി പോയിരുന്നു. ഇത് തങ്ങളുടെ പഠനത്തെ ബുദ്ധിമുട്ടിലാക്കിയതായും
വിദ്യാർത്ഥിനിയുടെ നിവേദനത്തിലുണ്ട്. ദിവസവേതനത്തിന് അധ്യാപകർ
പഠിപ്പിക്കാനെത്തുന്നുണ്ടെങ്കിലും അധ്യാപകരുമായി പൊരുത്തപ്പെട്ടുവരുമ്പോഴേക്കും അവരും
മാറിപോകുന്ന സാഹചര്യമാണുള്ളത്. ഇത് പഠനത്തേയും പൊതുപരീക്ഷയേയും കാര്യമായി
ബാധിക്കുന്നതായിയും സ്കൂളിൽ സ്ഥിരമായി അധ്യാപകരെ നിലനിർത്താനുള്ള സാഹചര്യം
ഉണ്ടാക്കണമെന്നും റിയ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.