നവകേരള സദസ്സ് ഇന്ന് കണ്ണൂരിൽ: പയ്യന്നൂർ മണ്ഡലത്തിൽ ആദ്യ ജന സദസ്സ്
കണ്ണൂർ :കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ തുടങ്ങും. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ രാവിലെ യോഗത്തിൽ പങ്കെടുക്കും. ഇവരുമായുള്ള ചർച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.
1 മണിക്ക് പയ്യന്നൂർ, മൂന്ന് മണിക്ക് മാടായി, 4.30ന് തളിപ്പറമ്പ്, ആറ് മണിക്ക് ശ്രീകണ്ഠപുരത്തും ജനസദസ്സ് നടക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.
നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9 മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽt പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകും. പരാതി തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in ൽ നിന്ന് രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.
ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും. ഓരോ നിയമസഭാ മണ്ഡലത്തിലും എ. എൽ. എമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്.