നവ കേരള സദസ്സ്: യു ഡി എഫിലും ലീഗിലും ആശയകുഴപ്പം
കാസർകോട്: നവ കേരള സദസ്സ് കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയതിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയം ആശയക്കുഴപ്പം കൊണ്ടു ഇളകി മറിയുന്നു. വലതുമുന്നണി ഘടകകക്ഷികളായ കോൺഗ്രസ്, മുസ്ലീംലീഗ് എന്നിവയിലാണ് ആശങ്ക രൂക്ഷമായികൊണ്ടിരിക്കുന്നത്. സി പി ഐ പ്രവർത്തകരിലും ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ടെന്നു സൂചനയുണ്ട്.
ഏറ്റവും ഒടുവിലായി നവകേരള സദസിൽ ലീഗ് നേതാവിന്റെ സാന്നിധ്യമാണ് വലതു മുന്നണി പ്രവർത്തകരിൽ ആശയകുഴപ്പമുണ്ടാക്കിയിട്ടുള്ളത്. നവകേരള സദസ്സിന്റെ ഭാഗമായി ഇന്നലെ രാവിലെ കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന പ്രഭാത ചർച്ചയിൽ മുസ്ലീംലീഗ് നേതാവും ലീഗ് സംസ്ഥാന കൗൺസിൽ അംഗവും വ്യവസായിയുമായ എൻ എ അബൂബക്കർ പങ്കെടുത്തിരുന്നു.
പ്രഭാത ചർച്ചയിൽ പങ്കെടുത്ത 28 അതിഥികളിലൊരാളായിരുന്നു എൻ എ അബൂബക്കർ. കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നിലപാടുകൾ സംബന്ധിച്ചും ലീഗ് നേതാക്കന്മാരുടെ നിലപാടുകളെക്കുറിച്ചും അടുത്തിടെയായി മുസ്ലീം ലീഗ് നേതൃത്വത്തിൽ കടുത്ത അഭിപ്രായ വ്യത്യാസം തുടരുന്നതായി വാർത്തകളുണ്ട്.
സമസ്ത വിവാദവും പാലസ്തീൻ പ്രശ്നവും ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവരുടെ
അഭിപ്രായ പ്രകടനങ്ങളും അണികളിലും വലതു മുന്നണിയിലും ഭിന്നിപ്പു പ്രകടമായിക്കിയിരുന്നു.
സംസ്ഥാന നേതൃത്വത്തിന് ഈ പ്രശ്നത്തിൽ ഇടപെടേണ്ടി വരുകയും ചെയ്തു. സി പി എം
നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സി പി എം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന്
ഇ ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചിരുന്നു. ബഷീറിന്റെ പ്രസ്താവനയെ
മുഖവിലക്കെടുത്ത സി പി എം നേതൃത്വം ലീഗിനെ സമ്മേളനത്തിൽ പങ്കെടുക്കാൻ
ഔദ്യോഗികമായി ക്ഷണിച്ചു. ഇത് യു ഡി എഫ് നേതൃത്വത്തിലും കോൺഗ്രസിവും വിവാദത്തിനും
വിദ്വേഷത്തിനും വാക്കു തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു. സി പി എമ്മിന്റെ ക്ഷണത്തിനു
നന്ദി അറിയിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗം തണുപ്പിക്കുകയായിരുന്നു.
ഇതിനിടയിലാണ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മൗനാനുവാദത്തോടെ ലീഗ് ജില്ലാ
സെക്രട്ടറിയെ കേരള ബാങ്ക് ഡയറക്ടർ സ്ഥാനത്തേക്ക് സി പി എം നോമിനേറ്റ് ചെയ്തത്. ഈ
തീരുമാനം മുസ്ലീം ലീഗിൽ ഭിന്നത കടുപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ പേരിൽ മലപ്പുറത്ത് പ്രതിഷേധ
പോസ്റ്റുകൾ പതിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാസർകോട് ജില്ലയിലെ ലീഗ്
നേതാവും വ്യവസായിയുമായ എൻ എ അബൂബക്കർ മുഖ്യമന്ത്രി നടത്തിയ പ്രഭാത ചർച്ചയിൽ
വേദി പങ്കിട്ടത്. ഇതേസമയം തന്നെ ലീഗ് സംസ്ഥാന നേതാവ് കെ പി എ മജീദ് സി പി
എമ്മിനെതിരെ ശക്തമായ നിലപാടുമായി രംഗത്തു വന്നു. മരണം വരെ മാർക്സിസ്റ്റു
പാർട്ടിയുമായി കൂട്ടില്ലെന്നു 1974 ൽ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് പി എം എസ് എ
പൂക്കോയ തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതു തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.
അതേസമയം മുഖ്യമന്ത്രിയുടെ പ്രഭാത ചർച്ചയിൽ താൻ പങ്കെടുത്തതു നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണെന്നു എൻ എ അബൂബക്കർ ഹർജി ഒരു പത്രത്തോടു പ്രതികരിച്ചു. യു ഡി എഫ് നേതൃത്വം ചടങ്ങു ബഹിഷ്ക്കരിച്ചതായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നേതൃത്വം ബഹിഷ്ക്കരിച്ച പരിപാടിയിൽ മുസ്ലീംലീഗ് സംസ്ഥാന കൗൺസിൽ അംഗം പങ്കെടുത്തതു ശരിയായില്ലെന്നും അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെടുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി മാധ്യമ പ്രവർത്തകനോടു പറഞ്ഞു.