വീട്ടുപറമ്പിലെത്തിയത് 4 മീറ്റർ നീളമുള്ള കൂറ്റൻ രാജവെമ്പാല;മണിക്കൂറുകൾക്കെടുവിൽ പിടികൂടി കാടുകയറ്റി
കാസർകോട്: വീട്ടുപറമ്പിലെത്തിയ നാലു മീറ്റർ നീളമുള്ള രാജവെമ്പാലയെ പിടികൂടി.
എളേരിത്തട്ട്. കടുപ്പിൽ സാബുവിന്റെ വീട്ടുപറമ്പിൽ നിന്നു ഇന്നലെ രാത്രി ഒൻപതു
മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഭീമനടി
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ലക്ഷ്മണന്റെ നിർദ്ദേശ പ്രകാരം എത്തിയ വനം
വകുപ്പിന്റെ റെസ്ക്യൂ വളൻ്റിയർമാരായ സുനിൽ സുരേന്ദ്രൻ കോട്ടപ്പാറ, കെ.ഗൗതം മുരളി
മട്ടലായി. ഹരികൃഷ്ണൻ എൻ.എസ്.സന്ദീപ് എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്.
പാമ്പിനെ പിന്നീട് വനത്തിനകത്തു വിട്ടതായി അധികൃതർ പറഞ്ഞു. സാധാരണ ഗതിയിൽ
വനത്തിനകത്തു വരൾച്ചയും ചൂടും കടുക്കുമ്പോഴാണ് രാജവെമ്പാലകൾ നാട്ടിലിറങ്ങിയിരുന്നത്.
എന്നാൽ ശക്തമായ തുലാമഴ തുടരുമ്പോൾ തന്നെ രാജവെമ്പാല നാട്ടിലിറങ്ങിയത്
ഭീതിക്കിടയാക്കിയിട്ടുണ്ട്. മഴ തുടരുമ്പോഴും അനുഭവപ്പെടുന്ന കടുത്ത ചൂടാണ് രാജവെമ്പാലകൾ
ഇറങ്ങാൻ ഇടയാക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പാമ്പുകൾ ഇണചേരുന്ന സമയമായതും
രാജവെമ്പാലകൾ പുറത്തിറങ്ങാൻ കാരണമെന്ന് പാമ്പു പിടുത്ത വിദഗ്ദ്ധൻ കെ.ടി.എസ് പനയാൽ
പറഞ്ഞു.