വൈദ്യുതിയും ഇന്റർനെറ്റും സൗജന്യം, വിവാഹത്തിന് ഒരു ലക്ഷം രൂപയും സ്വർണവും; തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്
ഹൈദരാബാദ്: തിരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38 വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.
വിവാഹം കഴിക്കാൻ പോകുന്ന യുവതികൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം പത്രികയിലുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ഇന്റർനെറ്റ്, 18 വയസിന് മുകളിലുള്ള കോളേജ് വിദ്യാർത്ഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ, എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും അഞ്ച് ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ്. പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. സംസ്ഥാനത്ത് എസ്സി – എസ്ടി വിഭാഗങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ വീട് വയ്ക്കാൻ ആറ് ലക്ഷം രൂപ വരെ നൽകും. ഭൂമിയില്ലാത്തവർക്ക് സർക്കാർ ഇന്ദിരമ്മ പദ്ധതിയിൽ വീടുകൾ വച്ചുനൽകും. ഒഴിഞ്ഞ് കിടക്കുന്ന രണ്ട് ലക്ഷം സർക്കാർ തസ്തികകളിലേയ്ക്ക് നിയമനം നടത്തുമെന്നും അധികാരത്തിലെത്തിയാൽ ഉടൻ ഒബിസി സെൻസസ് (ജാതി സെൻസസ് ) പ്രഖ്യാപിക്കുമെന്നും പത്രികയിൽ പറയുന്നു.
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പാർട്ണർ ജോലികൾ ചെയ്യുന്നവർക്ക് സാമൂഹ്യ സുരക്ഷാ സ്കീം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പത്രികയിൽ പത്ത് പുതിയ ന്യൂനപക്ഷ ക്ഷേമബോർഡുകൾക്ക് കൂടുതൽ ഫണ്ടും വാഗ്ദാനം ചെയ്യുന്നു. ഇവയടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനത്തിന് മുന്നിൽ വയ്ക്കുന്നത്. തെലങ്കാനയിൽ ഇക്കുറി വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.