ആശുപത്രിയിൽ എത്തുന്ന രോഗികളോട് കാണിച്ചത് കൊടുംക്രൂരത, ഒടുവിൽ നഷ്ടപ്പെട്ടത് ഏഴോളം ജീവനുകൾ, നാലംഗ മെഡിക്കൽ സംഘം പിടിയിൽ
ന്യൂഡൽഹി: ശസ്ത്രക്രിയകൾക്കിടെ ഏഴോളം രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിയിലെ നാലംഗ സംഘം പിടിയിലായി. ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് പ്രവർത്തിക്കുന്ന അഗർവാൾ മെഡിക്കൽ സെന്ററിന്റെ ഉടമ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടമയായ ഡോ.നീരജ് അഗർവാൾ, ഭാര്യ പൂജാ അഗർവാൾ, ഡോ.ജസ്പ്രീത് സിംഗ്, ലാബ് ടെക്നീഷ്യനായ മഹേന്ദർ സിംഗ് തുടങ്ങിയവരാണ് പ്രതികൾ.
കഴിഞ്ഞ വർഷം അസ്ഗർ അലി എന്ന യുവാവ് പിത്തസഞ്ചിയുടെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയിരുന്നു.യുവാവിന് ശസ്ത്രക്രിയ ആവശ്യമാണെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. പരിചയസമ്പത്തുളള ഡോ. ജസ്പ്രീതാണ് ശസ്ത്രക്രിയ ചെയ്യുന്നതെന്നാണ് ആദ്യം യുവാവിന്റെ ബന്ധുക്കളോട് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് തൊട്ടുമുൻപ് ജസ്പ്രീതിന് പകരം പൂജയെയും മഹേന്ദറിനെയും നിയമിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവാവിന് കഠിനമായ വേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ അടുത്തുളള സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് യുവാവ് മരിച്ചിരുന്നു.
ആശുപത്രി നടത്തുന്നവർ മെഡിക്കൽ ചട്ടങ്ങൾ പാലിക്കാതെയാണ് രോഗികളുടെ ശസ്ത്രക്രിയകൾ നടത്തുന്നതെന്ന് യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. വ്യാജരേഖകൾ കാണിച്ചാണ് ഡോ. നീരജ് അഗർവാൾ ശസ്ത്രക്രിയ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. 2016 മുതൽ ഇയാൾക്കെതിരെയും ഭാര്യ പൂജ അഗർവാളിനെതിരെയും ഒമ്പത് പരാതികൾ ലഭിച്ചിട്ടുണ്ട്. തുടർന്നുണ്ടായ അന്വേഷണത്തിൽ നിന്നും ആശുപത്രിയിലെ ഏഴ് രോഗികൾ മരിച്ചത് ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തി.
ഈ മാസം ഒന്നിന് നാലംഗ സംഘമടങ്ങുന്ന മെഡിക്കൽ ബോർഡിനെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരി മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗികളുടെ ചികിത്സകളിൽ മാത്രമല്ല ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലും അഗർവാൾ കൃത്രിമം കാണിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.ഡോക്ടർമാരുടെ ഒപ്പ് മാത്രമുളള 414 കുറിപ്പടികളും പൊലീസ് ആശുപത്രിയിൽ നിന്നും പിടിച്ചെടുത്തു.
ആശുപത്രിയിൽ നടത്തിയ ഗർഭ നിരോധന ശസ്ത്രക്രിയകളുടെ വിവരങ്ങളടങ്ങിയ രണ്ട് രജിസ്റ്ററുകൾ, കൂടാതെ നിരോധിത മരുന്നുകൾ ഉപയോഗിച്ച് രോഗികളിൽ കുത്തിവയ്പ്പ് നടത്തിയ രേഖകളും പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ ശസ്ത്രക്രിയ നടത്താനുപയോഗിക്കുന്ന ബ്ലേഡുകൾ,രോഗികളുടെ യഥാർത്ഥ ചികിത്സാ രേഖകൾ,47 ബാങ്കുകളിലെ നിരവധി ചെക്ക്ബുക്കുകൾ, 54 എടിഎം കാർഡുകൾ, തുടങ്ങിയവ അഗർവാളിന്റെ വീട്ടിൽ നിന്നും ആശുപത്രിയിൽ നിന്നും പിടിച്ചെടുത്തു.