രോഹിത് ശര്‍മ ടോസിടുമ്പോള്‍ നാണയം പതിക്കുന്നത് എവിടെ? ടോസ് വിവാദത്തില്‍ പാകിസ്താനില്‍ ‘തമ്മിലടി’
ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്ഡിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതിനു പിന്നാലെ പുതിയ വിവാദവും തലപൊക്കുകയാണ്. പാകിസ്താനിലാണ് ഇന്ത്യയുടെ പത്താംവിജയത്തിനു പിന്നാലെ തമ്മിലടി ശക്തമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടോസിടലാണ് വിവാദത്തിന് ആധാരം.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു പിന്നാലെ മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം സിക്കന്ദര്‍ ബഖ്ത് ആണ് പാക് ടെലിവിഷന്‍ ചര്‍ച്ചയില്‍ വിവാദത്തിന് ആസ്പദമായ വിഷയം ഉന്നയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസിടാനായി ഉയര്‍ത്തിവിടുന്ന നാണയം പതിക്കുന്നത് ദൂരെയാണെന്നും എതിര് ടീം ക്യാപ്റ്റന്‍ തന്റെ കോള്‍ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാനുള്ള സമയം ലഭിക്കുന്നില്ലെന്നും ഇതില്‍ അട്ടിമറി സാധ്യത ഏറെയാണെന്നും ബഖ്ത് പറയുന്നു.
നിര്‍ണായകമായ മത്സരങ്ങളില്‍ എല്ലാം ഹോം ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് തന്നെയാണ് നാണയം ടോസ് ചെയ്യുന്നത്. ഇത്തരത്തില്‍ നിര്‍ണായക മത്സരങ്ങളില്‍ എല്ലാം ടോസ് വിജയിക്കുന്നതും ഇന്ത്യയാണ്, ഇത് സംശയാസ്പദമാണെന്നായിരുന്നു ബഖ്തിന്റെ ആരോപണം. തന്റെ ആരോപണം സാധൂകരിക്കാനായി രോഹിത് ലോകകപ്പില്‍ ടോസ് ചെയ്യുന്ന നിരവധി വീഡിയോകളും മറ്റു ടീം ക്യാപ്റ്റന്മാര് ടോസ് ചെയ്യുന്ന വീഡിയോകളും ബഖ്ത് എസ്കില്‍ പങ്കുവച്ചിരുന്നു.
പാക് മുന്‍ താരം അക്വിബ് ജാവേദും സമാനമായ പരാമര്‍ശവുമായി പാക് ചാനലില്‍ രംഗത്തെത്തി. ഇത്തരത്തില്‍ നാണയം എതിര് ടീം ക്യാപ്റ്റന്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ടോസിന്റെ ആവശ്യമില്ലെന്നും ഐസിസി മാച്ച് റഫറി ബിസിസിഐക്ക് എതിരേ ഒന്നും ചെയ്യില്ലെന്നും അക്വിബ് ജാവേദ് പറഞ്ഞു.
ഈ വിവാദം ശക്തമായതിനെതുടര്‍ന്നാണ് ബഖ്തിനെയും ജാവേദിനേയും തള്ളിയും പരിഹസിച്ചും നിരവധി പാക് താരങ്ങള്‍ രംഗത്തെത്തി. നാണയം എവിടെ പതിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്, ഇത്തരത്തില്‍ മാധ്യമശ്രദ്ധയ്ക്കു വേണ്ടി കാര്യങ്ങള്‍ പറയരുത്. ചില ആരാധകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് ലജ്ജ തോന്നിയെന്ന് പാക് മുന്‍താരം വസീം അക്രം വ്യക്തമാക്കി.
ബഖ്ത് അടക്കം വിവാദമുണ്ടാക്കുന്നവര്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ‘കോലാഹലം’ സൃഷ്ടിക്കുകയാണെന്ന് പാക് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്മാന് മോയിന്‍ ഖാന് പറഞ്ഞു. ഓരോ ക്യാപ്റ്റനും നാണയം ടോസ് ചെയ്യാന്‍ വ്യത്യസ്ത രീതികളുണ്ട്, തെറ്റിദ്ധാരണ കൊണ്ട് അബദ്ധങ്ങള്‍ പറയരുതെന്നും മോയിന്‍ ഖാന് വ്യക്തമാക്കി. അതേസമയം, ഇത്തരം വിഡ്ഢിത്തരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്നു മുന്‍ പാക് താരം ഷോയിബ് മാലിക്കും വ്യക്തമാക്കി.