കണ്ണൂര്‍: കേരളത്തെയാകെ നടുക്കിയ കൊലപാതകമാണ് കണ്ണൂര്‍ തയ്യില്‍ അമ്മ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന സംഭവം. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ തന്റെ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ശരണ്യ. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈല്‍ പിക്ചറുകലില് ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ്. ഫേസ്ബുക്ക് ഇന്ട്രോയില് ‘കര്‍മത്തില്‍ വിശ്വസിക്കുക’ എന്ന് ശരണ്യ എഴുതിയിട്ടുണ്ട്. എന്നാല്‍, ശരണ്യയുടെ മനസിലാകെ മകന് വിയാനെ കൊലപ്പെടുത്താനുള്ള കണക്കുകൂട്ടലുകളും.
അന്വേഷണത്തിന്റെ ഭാഗമായി ശരണ്യയുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളും വാട്സാപ് ചാറ്റുകളും സൈബര്‍ സെല്ല് വിശദമായി പരിശോധിച്ചിരുന്നു.കാമുകനൊപ്പം ജീവിക്കുമ്ബോള്‍ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ശരണ്യയുടെ ഒരേ ഒരു ചിന്ത. ഫേസ്ബുക്കിലൂടെതന്നെയാണ് ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഇരുകുടുംബങ്ങളും ഈ ബന്ധം എതിര്‍ത്തു. എന്നാല്‍ ശരണ്യയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായതോടെ ഇരുവരും വിവാഹിതരായി. ഭാര്യ ഗര്‍ഭിണിയായതോടെ പ്രണവ് ജോലി തേടി ഗള്‍ഫിലേയ്ക്ക് പോയി. ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. പ്രണവ് ഗള്‍ഫില്‍ പോയ സമയത്താണ് ഭര്‍ത്താവിന്റെ സുഹൃത്തായ യുവാവുമായി ശരണ്യ പ്രണയത്തിലാകുന്നത്. ഇതും ഫേസ്ബുക്ക് വഴിയായിരുന്നു.
കാമുകനൊപ്പം കഴിയാന്‍ കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടില്‍ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ് കൈകള്‍ കൊണ്ട് പൊത്തിവച്ചു. കടലില്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.