ലഖ്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനു രൂപം നല്കിയ ട്രസ്റ്റിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ രണ്ടു പ്രതികളും. മഹന്ത് നൃത്യ ഗോപാൽ ദാസ്, ചമ്പാത് റായ് എന്നിവരെയാണ് ട്രസ്റ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ചേർന്ന ആദ്യ യോഗത്തിലാണ് രണ്ടു പ്രതികൾക്കും ട്രസ്റ്റിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ നൽകിയത്. ഇരുവര്‍ക്കും ട്രസ്റ്റില്‍ അംഗത്വം നല്‍കാത്തതിനെതിരെ ഹിന്ദു സംഘടനകള്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിനു പുറത്തിറക്കിയ പട്ടികയിൽ ഇരുവരുടേയും പേരുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ ചേർന്ന യോഗത്തിൽ ഇരുവർക്കും അംഗത്വം നൽകുകയായിരുന്നു.”ഫെബ്രുവരി അഞ്ചിനു പുറത്തുവിട്ട റാം മന്ദിർ ട്രസ്റ്റിന്റെ പട്ടികയിൽ മഹന്ത് നൃത്യ ഗോപാൽ ദാസിന്റേയും ചമ്പാത് റായിയുടേയും പേരുകൾ ഇല്ലയെന്ന് ഞങ്ങൾക്കു മനസ്സിലായി. ഇതിൽ ഞങ്ങളുടെ വിയോജിപ്പ് അറിയിച്ചതിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവരുടെ പേരുകൾ കൂടി അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നു ഉറപ്പു നൽകി”- രാമ ജന്മഭൂമി ന്യാസിന്റെ മുതിർന്ന അംഗം മഹന്ത് കമാൽ നയൻ ദാസ് പറഞ്ഞു.
വിചാരണ നടന്നുകൊണ്ടിരിക്കുന്ന ബാബരി മസ്ജിദ് തകർത്ത കേസിൽ ഇരുവരും പ്രതികളായതിനാലാണ് അവരുടെ പേരുകൾ ചേർക്കാത്തതെന്ന് എം.എൽ.എമാരും ആഭ്യന്തര മന്ത്രാലയവും തങ്ങളോട് പറഞ്ഞു. നിയമപരമായ വെല്ലുവിളിയെ സർക്കാർ ഭയപ്പെട്ടുവെന്നും മഹന്ത് കമൽ നയൻ ദാസ് പറഞ്ഞു.
1992ലെ ബാബരി മസ്ജിദ് തകർത്ത കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങി ഒമ്പതോളം ഗുരുതര കുറ്റങ്ങളാണ് മഹന്ത് നൃത്യ ഗോപാൽ ദാസ്, ചമ്പാത് റായ് എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാമക്ഷേത്ര ട്രസ്റ്റിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ ഉൾപ്പെടുത്തിയതിനെതിരെ അയോദ്ധ്യ തർക്കഭൂമി കേസിൽ മുസ് ലിം കക്ഷികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ സഫര്യബ് ജിലാനി രംഗത്തെത്തി. ഈ തീരുമാനം സുപ്രിം കോടതിയുടെ ഉദ്ദേശ്യത്തിനു വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
‘രാം മന്ദിർ ട്രസ്റ്റിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ രണ്ടു പ്രതികളെ ഉൾപ്പെടുത്തിയത് 2019 നവംബറിൽ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് എതിരാണ്.’- അദ്ദേഹം പറഞ്ഞു.