മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗർഭിണിക്ക് ദാരുണാന്ത്യം
മലപ്പുറം: ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. 31കാരിയായ പ്രിജി ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യു പി സ്കൂളിന് മുന്നിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.
ഭർത്താവ് സുധീഷിനൊപ്പം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രിജി. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. പ്രിജി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുധീഷിന്റെ പരിക്ക് സാരമുള്ളതല്ല.