പൊതുജനം സഹിക്കട്ടെ, പ്രകടന പത്രികയിലെ വാഗ്ദാനം കാറ്റിൽപ്പറത്തി എൽഡിഎഫ്? അവശ്യസാധനങ്ങളുടെ വില കുതിക്കും
തിരുവനന്തപുരം: പാവപ്പെട്ടവന് ആശ്വാസമാവേണ്ട സപ്ളൈകോ 13 ഇനം നിത്യോപയോഗ സാധനങ്ങൾക്കും വിലകൂട്ടും. ചെറുപയർ, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, കുറുവ അരി, മട്ട അരി, വൻപയർ, തുവരപരിപ്പ്, മുളക്, ഉഴുന്ന്, കടല, ജയ അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുക. എത്ര കൂട്ടണമെന്ന് ഭക്ഷ്യമന്ത്രി തീരുമാനിക്കും.
ഏഴുവർഷം മുമ്പ് നിശ്ചയിച്ച വിലയ്ക്ക് വിതരണം തുടരാനാവില്ലെന്നും കൂട്ടണമെന്നുമുള്ള സപ്ളൈകോയുടെ ആവശ്യം ഇന്നലെ എൽ.ഡി.എഫ് യോഗം അംഗീകരിച്ചു. സബ്സിഡിയിനത്തിൽ സർക്കാർ സപ്ളൈകോയ്ക്ക് നൽകാനുള്ളത് 1526 കോടി രൂപയാണ്. 717 കോടി രൂപയുടെ കുടിശ്ശിക കാരണം അന്യസംസ്ഥാന മൊത്തവിതരണക്കാർ സാധനങ്ങൾ നൽകുന്നത് നിറുത്തി. സപ്ളൈകോയെ ബ്ളാക്ക് ലിസ്റ്റിൽപ്പെടുത്താനും തീരുമാനിച്ചു. ഇതുകാരണം 13 ഇനങ്ങളിൽ ഒട്ടുമുക്കാലും മാസങ്ങളായി ലഭ്യമല്ല. മുടങ്ങാതെ കിട്ടുന്നത് അരി മാത്രം.
അതിരൂക്ഷ പ്രതിസന്ധിയിൽ സബ്സിഡി കുടിശ്ശിക അനുവദിക്കണമെന്ന നിരന്തര ആവശ്യം സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ചെവിക്കൊണ്ടില്ല. പകരം വില കൂട്ടാനുള്ള ശുപാർശ എൽ.ഡി.എഫ് യോഗം ഏകകണ്ഠേന അംഗീകരിച്ചിരിക്കുകയാണ്.സബ്സിഡിക്ക് സാധനങ്ങൾ നൽകുമ്പോൾ വർഷം 500 കോടിയുടെ ബാദ്ധ്യത വരുന്നെന്നാണ് സപ്ലൈകോയുടെ വാദം.