മിഠായി പാക്കറ്റുകളിൽ അകത്ത് പൊടി രൂപത്തിലാക്കി സ്വർണ്ണക്കടത്ത്;നാലുപേർ അറസ്റ്റിൽ
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട, ലക്ഷങ്ങൾ വില വരുന്ന
സ്വർണ്ണവുമായി ബേക്കൽ സ്വദേശിയടക്കം നാലുപേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. എയർ ഇന്ത്യ
എക്സ്പ്രസിൽ ദുബായിൽ നിന്നും എത്തിയ ബേക്കൽ, പള്ളിക്കര സ്വദേശി ഹംസ(31)യാണ്
അറസ്റ്റിലായവരിൽ ഒരാൾ. മിഠായി പാക്കറ്റുകളിൽ അകത്ത് പൊടി രൂപത്തിൽ ഭദ്രമായി
ഒളിപ്പിച്ചുവച്ച് കടത്തിയ 420 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പിടിയിലായ സ്വർണ്ണത്തിനു
കാൽകോടി രൂപ വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രോളി ബാഗിനു അകത്താക്കി
ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി കർണ്ണാടക സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ദുബായിയിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിലെ മറ്റൊരു യാത്രക്കാരനിൽ
നിന്നു ട്രോളി ബാഗിനകത്തു ഒളിപ്പിച്ചു കടത്തിയ 217 ഗ്രാം സ്വർണ്ണം കണ്ടെത്തി. ഉത്തര കർണ്ണാടക
ഹൊന്നാവാർ സ്വദേശി മുഹമ്മദ് മുസാഫിർ ഫക്കി (52)യാണ് അറസ്റ്റിലായത്.
തുടർച്ചയായ ദിവസങ്ങളിൽ സ്വർണ്ണക്കടത്ത് പിടികൂടിയതിനെ തുടർന്ന് നിരീക്ഷണം
ശക്തമാക്കിയിട്ടുണ്ട്.