‘കിടപ്പുരോഗികൾക്കുള്ള ധനസഹായം പോലും നൽകാനാകാതെ കൈമലർത്തുന്ന സർക്കാർ തങ്ങളുടെ ആവലാതികൾക്ക് ചെവിയോർക്കുമോ’
സംസ്ഥാനമൊട്ടാകെ നാലുവർഷം മുൻപ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടലുകൾ ആരംഭിച്ചപ്പോൾ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസമായിരുന്നു. ഇരുപതു രൂപയ്ക്ക് ഉച്ചയൂണ് പുതിയ അനുഭവം തന്നെയായിരുന്നു. ഒരു ഊണിന് സർക്കാർ പത്തുരൂപ വച്ച് സബ്സിഡി നൽകുമെന്നായിരുന്നു 2019- 20 ലെ ബഡ്ജറ്റിലെ പ്രഖ്യാപനം. എല്ലാ ജില്ലകളിലും ധാരാളം കുടുംബശ്രീ ഹോട്ടലുകൾ പിറവിയെടുത്തു. ആദ്യമൊക്കെ സർക്കാർ വാക്കുപാലിച്ചു. വലിയ ലാഭമൊന്നുമുണ്ടാക്കാനായില്ലെങ്കിലും ഹോട്ടലുകൾ നന്നായി മുന്നോട്ടുപോയി.
എന്നാൽ സർക്കാർ സാമ്പത്തിക ക്ളേശത്തിലായതോടെ ഹോട്ടലുകളുടെ നടത്തിപ്പും പ്രതിസന്ധിയിലായി. തുടങ്ങിയ ഹോട്ടലുകളിൽ പലതും പൂട്ടേണ്ടിവന്നു. കുടുംബശ്രീക്കാർ കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങിയും ലൊട്ടുലൊടുക്ക് സ്വർണ ഉരുപ്പടികൾ പണയം വച്ചും ഹോട്ടലുകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എന്നാൽ ഇനിയും എത്രനാൾ എന്നാണ് അവർ ചോദിക്കുന്നത്. ഓരോ ജില്ലയിലും അഞ്ചും ആറും എട്ടും കോടിരൂപയാണ് സബ്സിഡിയായി ലഭിക്കാനുള്ളത്. സാധാരണക്കാർക്ക് ഉച്ചനേരത്ത് അന്നമൂട്ടിയതിന്റെ ‘ശിക്ഷ”യായി സർക്കാർ തങ്ങളെ കടക്കെണിയിലാക്കിയ ഈ ഘട്ടത്തിലും അവർ തോറ്റു പിന്മാറുന്നില്ല. സബ്സിഡി കുടിശ്ശിക കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയും വെടിയുന്നില്ല. പക്ഷേ എത്രനാൾ കടംവാങ്ങി ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകുമെന്ന ചോദ്യത്തിന് മുഖത്തോടുമുഖം നോക്കിയിരിക്കാനേ അവർക്ക് കഴിയുന്നുള്ളൂ.
കിടപ്പുരോഗികൾക്കുള്ള ധനസഹായം പോലും നൽകാനാകാതെ കൈമലർത്തി നിൽക്കുന്ന സർക്കാർ തങ്ങളുടെ ആവലാതികൾക്ക് ചെവിയോർക്കുമോ എന്ന സന്ദേഹവും അവർ പങ്കുവയ്ക്കുന്നു. രണ്ടുദിവസം മുൻപ് കുടുംബശ്രീ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിയത് പലരും ശ്രദ്ധിച്ചുകാണും. ജനകീയ ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട് തങ്ങൾ നേരിടുന്ന ദുസ്ഥിതി സർക്കാരിന്റെയും പൊതുജനങ്ങളുടെയും മുന്നിൽ ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് അവർ കൂട്ടത്തോടെ ഭരണസിരാകേന്ദ്രത്തിനു മുന്നിലെത്തിയത്. എന്തെങ്കിലും ഫലമുണ്ടാകാതിരിക്കില്ല എന്ന പ്രതീക്ഷയിലാണവർ.
പക്ഷേ സർക്കാർ ആകെ പാപ്പരായി നിൽക്കുകയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതി സമക്ഷം ഏറ്റുപറഞ്ഞദിവസം തന്നെയാണ് കുടുംബശ്രീക്കാർ സമരത്തിന് എത്തിയത്. കുടുംബശ്രീക്കാരുടെ രോദനം കേട്ടാൽത്തന്നെയും, എവിടെ നിന്നെടുത്തുകൊടുക്കുമെന്നാണ് സർക്കാർ ചോദിക്കുന്നത്. ജനകീയ ഹോട്ടലുകൾ നിലനിറുത്തേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണ്. അത് ബോദ്ധ്യമുണ്ടെങ്കിൽ സർക്കാർ ഏതുവിധേനയും കുടുംബശ്രീക്കാരുടെ സബ്സിഡി കുടിശ്ശിക തീർക്കാൻ അടിയന്തര നടപടി എടുക്കണം. ഇനിയും അത് വൈകിയാൽ എല്ലാ ജില്ലകളിലും ജനകീയ ഹോട്ടലുകൾ പൂട്ടേണ്ട സ്ഥിതിയുണ്ടാകും. നല്ല ഒരു ആശയത്തിന്റെ അകാലചരമമായിരിക്കും അത്.
വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയമാണ് ഇതുപോലുള്ള സംരംഭങ്ങൾ. സ്വയം അദ്ധ്വാനിച്ചാണ് കുടുംബശ്രീ യൂണിറ്റുകളിലെ വനിതകൾ ഹോട്ടൽ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ധ്വാനമല്ലാതെ മറ്റു വലിയ നേട്ടങ്ങളൊന്നും അവർക്കില്ല. എന്നാലും വിശന്നുവരുന്ന സാധാരണക്കാരന് ഉച്ചനേരത്ത് ഒരുപിടി അന്നം നൽകുമ്പോൾ അവരുടെ മനസ്സ് നിറയും. അന്നമൂട്ടുന്നതിനെക്കാൾ വലിയ പുണ്യമില്ലെന്നല്ലേ ചൊല്ല്.