തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികള്‍ക്കായി ചെലവഴിച്ച ഭക്ഷണബില്ലിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. സര്‍ക്കാരിനെ ഔദ്യോഗികമായി ഈ വിവരം റാവിസ് ഗ്രൂപ്പ് അറിയിച്ചു. പ്രതിനിധികള്‍ക്ക് മാത്രമായി 59 ലക്ഷം രൂപയാണ് ചെലവായത്. ഈ പണം റാവിസ് ഗ്രൂപ്പ് സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തി. ഇതുകൊണ്ടാണ് നേരത്തേ തന്നെ ലോകകേരള സഭ ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടി ഇത് ബഹിഷ്കരിച്ചത്. ഒരാളുടെ ഭക്ഷണത്തിനായി മാത്രം രണ്ടായിരം രൂപയോളം (1900 രൂപയും നികുതിയും) ചെലവായെങ്കില് അത് ധൂര്‍ത്തല്ലെങ്കില്‍ പിന്നെന്താണെന്നും പ്രതിപക്ഷം ചോദിച്ചു.
ഇതിനുള്ള മറുപടിയെന്നോണമാണ് റാവിസ് ഭക്ഷണബില്ല് വേണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പ്രവാസിക്ഷേമത്തിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ലോകകേരളസഭ പോലൊരു പരിപാടിയുമായി ബന്ധപ്പെട്ട് റാവിസിനെച്ചൊല്ലി ഇത്തരമൊരു വിവാദമുയര്‍ന്നതില്‍ സങ്കടമുണ്ടെന്ന് റാവിസ് ഗ്രൂപ്പ് ചെയര്മാന് രവി പിള്ള വ്യക്തമാക്കുന്നു. ഇതിനാലാണ് ബില്ല് വേണ്ടെന്ന് വച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ പരിപാടിക്ക് നല്കിയ ബില്ല് ഒരു സ്വകാര്യ കമ്ബനിക്ക് പിന്‍വലിക്കാനാകുമോ എന്നതു ചോദ്യചിഹ്നമാണ്. ഒരു സര്‍ക്കാര്‍ പരിപാടിക്ക് സ്വകാര്യകമ്ബനിക്ക് സൗജന്യമായി ഭക്ഷണം നല്കാനാകുമോ എന്നതും, അങ്ങനെയെങ്കില്‍ അത് എന്തു വകുപ്പില്‍ ഉള്‍പ്പെടുത്തും എന്നതും പരിശോധിക്കേണ്ടതാണ്.