സമസ്ത മുശാവറ അംഗം എൻ. അബ്ദുല്ല മുസ്ലിയാർ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ് ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1955ലാണ് ജനനം. പുതിയോത്ത് ദര്സില് പ്രാഥമിക മതപഠനം നടത്തി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട് വാവാട്ട് 15 വര്‍ഷം സേവനമനുഷ്ഠിച്ചു. ചാലിയം സിദ്ദീഖ് പള്ളി, അണ്ടോണ, കുടുക്കിലുമ്മാരം, മങ്ങാട്, പുത്തൂര്‍ വെള്ളാരംചാല്‍ എന്നിവിടങ്ങളിലും അധ്യാപനം നടത്തി. കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍, കെ.കെ ഹസ്റത്ത്, പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍, എം.ടി അബ്ദുല്ല മുസ് ലിയാര്‍, പി.സി കുഞ്ഞാലന്‍കുട്ടി മുസ് ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുക്കന്മാര്.
സമസ്ത കോഴിക്കോട് ജില്ലാ ട്രഷറര്‍, കോഴിക്കോട് ജില്ലാ ജംഇയ്യതുല്‍ മുദരിസീന്‍ പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡന്റ്, ശിആറുല്‍ ഇസ് ലാം മദ്റസ കൊടിയത്തൂര്‍ പ്രസിഡന്റ്, നടമ്മല്‍പൊയില്‍ ടൗണ്‍ ജുമാമസ്ജിദ് പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് പ്രസിഡന്റ്, ഓമശ്ശേരി ചോലക്കല്‍ റഹ്മാനിയ്യ ജുമാമസ്ജിദ് മഹല്ല് നായിബ് ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.