കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; മുൻ പ്രസിഡന്റ് ഭാസുരാംഗനെ സിപിഐ പുറത്താക്കി
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ സിപിഐ പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് അറിയിച്ചത്. ഇന്ന് രാവിലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബാങ്കിലും ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടിലും ഇപ്പോൾ ഇഡി പരിശോധന തുടരുകയാണ്.
ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാസുരാംഗന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്നലെ രാവിലെ ആറിനാണ് റെയ്ഡ് തുടങ്ങിയത്. രാത്രി കസ്റ്റഡിയിലെടുത്ത ഭാസുരാംഗനെ അദ്ദേഹം ഉപയോഗിക്കുന്ന മേഖല ക്ഷീരോത്പാതക സഹകരണ സംഘത്തിന്റെ വാഹനത്തിലാണ് ഇഡി ഉദ്യോഗസ്ഥർ മാറനല്ലൂരിലെ വീട്ടിൽ ചോദ്യം ചെയ്യലിനായി എത്തിച്ചത്. മൂന്ന് വാഹനങ്ങളിലായി തോക്കുകളേന്തിയ സുരക്ഷാ സേനയുടെ കാവലിലാണ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധനയ്ക്ക് എത്തിയത്. എൻ ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടിലും, ബാങ്കിലെ മുൻ സെക്രട്ടറിമാരായ രാജേന്ദ്രൻ നായർ ,ശാന്ത കുമാരി, മോഹൻ കുമാർ, കളക്ഷൻ ഏജന്റ് അനിൽ കുമാർ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. എൻ ഭാസുരാംഗന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. അതിനാൽ ഉദ്യോഗസ്ഥ സംഘത്തിന് വീട്ടിനുള്ളിലേയ്ക്ക് രാവിലെ കടക്കാനായില്ല. തുടർന്നാണ് കസ്റ്റഡിയിലെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയത്.
രേഖകൾ സംബന്ധിച്ച് നടന്ന ചോദ്യം ചെയ്യൽ പുലർച്ചെ വരെ തുടർന്നതോടെയാണ് ദേഹാസ്വാസ്ഥ്യം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ബാങ്ക് മുന്‍ പ്രസിഡന്റും ഭാരവാഹികളും ഉദ്യോഗസ്ഥരും സാമ്പത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതി. നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറില്‍ നിന്ന് ഇഡി സംഘം റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോര്‍ട്ട്, രജിസ്ട്രാര്‍ ഇഡിക്ക് കൈമാറി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരിശോധനകള്‍.