മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്; അതിക്രൂരമായി പീഡിപ്പിച്ചെന്നും ഗർഭച്ഛിദ്രം നടത്തിച്ചെന്നും മുൻഭാര്യയുടെ പരാതി
കൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ്. മുൻഭാര്യയുടെ പരാതിയിലാണ് ധർമ്മടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകും മുൻപ് വിവാഹം കഴിച്ചു, 15ാം വയസിൽ ഗർഭിണിയായിരിക്കെ അതിക്രൂരമായി പീഡിപ്പിച്ചു, ഗർഭച്ഛിദ്രം നടത്തിച്ചു തുടങ്ങിയവയാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ആരോപിക്കുന്നത്. ഇവർ ധർമ്മടം പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് ഇപ്പോൾ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഇരിട്ടി സ്റ്റേഷൻ പരിധിയിൽ വരുമെന്നതിനാൽ അങ്ങോട്ട് മാറ്റുമെന്ന് ധർമ്മടം പൊലീസ് പറഞ്ഞു. അതിനുശേഷം ഷാക്കിറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോയെന്നതിൽ ഇരിട്ടി പൊലീസ് തീരുമാനമെടുത്തേക്കും.
അതേസമയം, സൗദി അറേബ്യൻ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ഷാക്കിറിന് ഹൈക്കോടതി സ്ഥിര ജാമ്യം അനുവദിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം, കേസിനെപ്പറ്റിയും പരാതിക്കാരിക്ക് എതിരെയും സമൂഹമാദ്ധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷാക്കിർ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാവുകയും ചെയ്തിരുന്നു.
29കാരിയായ സൗദി യുവതിയാണ് മല്ലു ട്രാവലർക്കെതിരെ പീഡന പരാതി നൽകിയത്. എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് ഷാക്കീർ സുബ്ഹാൻ ഹോട്ടലിലെത്തിയത്. ഈ സമയം യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, പിന്നീട് ഇയാൾ പുറത്തേക്ക് പോയ സമയത്ത് ഷാക്കീർ പീഡന ശ്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.