നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നും ഓടിക്കൊണ്ടിരുന്ന ചരക്കു ട്രെയിനിന് മുകളിൽ വീണു; മൂന്ന് പേർ മരിച്ചു
മുംബൈ: നിയന്ത്രണം വിട്ട കാർ ഓടിക്കൊണ്ടിരുന്ന ചരക്കു ട്രെയിനിനു മുകളിലേക്കു തെറിച്ചു വീണ് 3 പേർ മരിച്ചു. 2 പേർക്ക് പരുക്കേറ്റു. മുംബൈയ്ക്കടുത്ത് പൻവേൽ–കർജത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടെ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കും നാലു മണിക്കും ഇടയ്ക്കാണ് സംഭവം.
പാലത്തിനു മുകളിൽനിന്നാണ് കാർ തെറിച്ചു വീണത്. ധർമാനന്ദ് ഗെയ്ക്വാദ് (41), മംഗേഷ് ജാദവ് (46), നിതിൻ ജാദവ് (48) എന്നിവരാണ് മരിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (ആർപിഐ) പ്രവർത്തകനാണ് ധർമാനന്ദ്. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. പാതയിൽ നാലു മണിക്കൂറോളം ട്രെയിൻ ഗതാഗതം മുടങ്ങി.
പൻവേലിൽ നിന്നു കർജത്തിലേക്കു പോവുകയായിരുന്നു ട്രെയിൻ. നെരാൾ മേഖലയിലേക്കു പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് മരിച്ച മൂന്നു പേരും. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.