“പ്രതികാരം ചെയ്യും, ഞങ്ങളുടെ ശക്തി അവര്‍ കാണാൻ കിടക്കുന്നതേ ഉള്ളു” ; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹിസ്ബുള്ള
ടെല്‍ അവീവ്: ഇസ്രായേലിനോട് കനത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ ഹിസ്ബുള്ള. ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോട് തങ്ങളുടെ പ്രതികാരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നല്‍കിയത്.
ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേല്‍ സൈന്യവും ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു.
60ഓളം ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേല്‍ പ്രതിരോധ സേന കൊലപ്പെടുത്തിയത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബുള്ള. തങ്ങളുടെ പൂര്‍ണമായ ആക്രമണശേഷി ഇസ്രായേല്‍ കാണാൻ പോകുന്നതേ ഉള്ളു എന്നും ഭീകര സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം ഗാസ പൂര്‍ണമായും വളഞ്ഞ ഇസ്രായേല്‍ പ്രതിരോധ സേന കര, വ്യോമ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും, ബന്ദികളെ വിട്ടയക്കാതെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്ന നിലപാട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസിന്റെ പ്രധാന താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഐഡിഎഫ് മുന്നേറുന്നത്. ഗാസയില്‍ മൂന്ന് ഇടങ്ങളില്‍ ഇസ്രായേല്‍ സേനയുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചിരുന്നു.