കോഴിക്കോട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ 1.08 കോടിയുടെ സ്വര്‍ണ്ണവും 13 ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമായ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. സ്വര്‍ണ്ണവുമായി കോഴിക്കോട് സ്വദേശി അഷ്റഫും കണ്ണൂര്‍ സ്വദേശി മുഹമ്മദ് റൗഫും പണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെരീഫുമാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് വന്ന വിമാനത്തില്‍ നിന്നിറങ്ങിയ അഷ്റഫില്‍ നിന്ന് 1.2 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതവും മസ്ക്കത്തില്‍ നിന്ന് സ്പീക്കര്‍ സിസ്റ്റത്തില്‍ ഒളിപ്പിച്ച ഒരു കിലോ ഗ്രാം സ്വര്ണ്ണക്കട്ടിയുമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച 780 ഗ്രാം സ്വര്‍ണ്ണവും പിടികൂടി. ഷാര്‍ജയിലേക്ക് പോകാനെത്തിയ മുഹമ്മദ് ഷെരീഫില്‍ നിന്ന് 13 ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമായ വിദേശകറന്‍സി പിടികൂടുകയായിരുന്നു.