തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു;സഹോദരനും കുത്തേറ്റു ;ആക്രമണം ട്രൈനിറങ്ങി നടക്കവെ
തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്.ഇയാളുടെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവർക്കും ഗുരുതര പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. പ്രതിയായ മുഹമ്മദ് അൽത്താഫ് എന്നയാളും ആശുപത്രിയിൽ ചികിത്സയിലാണ്.ശ്രീരാഗും സഹോദരങ്ങളും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഈസമയം ദിവാൻജി മൂലയിൽ ഉണ്ടായിരുന്ന അൽത്താഫും സംഘവും ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങൾ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപ്രതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. മുഹമ്മദ് അൽത്താഫിനെ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അക്രമിസംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്നാണ് സൂചന.